തിരുവല്ല : ഹോളി സ്പിരിറ്റ് സന്യാസിനി സമൂഹം തിരുവല്ലയിൽ സംഘടിപ്പിച്ച ഫോർമേറ്റർമാരുടെ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയ ടാൻസാനിയൻ സന്യാസിനി സിസ്റ്റർ ലെവിന ഓഗസ്റ്റിനെ ഇമിഗ്രേഷൻ അധികൃതർ നാടുകടത്തിയ സംഭവം അന്വേഷിക്കണമെന്ന് അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ ആവശ്യപ്പെട്ടു .
സംഭവത്തെ തുടർന്ന് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അന്നമ്മ തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മനെ ബന്ധപ്പെടുകയും തുടർന്ന് അദ്ദേഹം ആന്റോ ആന്റണി എം.പിയുമായി ബന്ധപ്പെട്ട് വിഷയത്തിൽ ഇടപെടാൻ ശ്രമിച്ചെങ്കിലും അതിനകം സിസ്റ്ററെ നാടുകടത്തിയിരുന്നു.
സാധുവായ ടൂറിസ്റ്റ് വിസയുമായി ഇന്ത്യയിലെത്തിയ ടാൻസാനിയൻ സന്യാസിനിയെ നാടുകടത്തിയതിന്റെ സാഹചര്യം കേന്ദ്ര സർക്കാർ വ്യക്തമാക്കണം.സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി വസ്തുതകൾ പുറത്തു കൊണ്ടുവരണമെന്നും ഇമിഗ്രേഷൻ അധികൃതർ സ്വീകരിച്ച നടപടിയുടെ കാരണം വ്യക്തമാക്കണമെന്നും അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ ആവശ്യപ്പെട്ടു.





