പത്തനംതിട്ട: കോഴിഫാമുകളിൽ ബ്രോയിലർ കോഴികളുടെ വില കുറഞ്ഞ നിലയിൽ തുടരുമ്പോഴും പൊതുവിപണിയിലെ കോഴിവിലയിൽ കാര്യമായ മാറ്റമില്ലാത്തത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നു. ഫാമുകളിൽ വില കുറയുന്നതിന്റെ പ്രയോജനം കോഴിക്കടകളിൽനിന്ന് കോഴി വാങ്ങുന്നവർക്ക് ലഭിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. ഫാം വിലയും ചില്ലറവിൽപന വിലയും തമ്മിലുള്ള വലിയ അന്തരം കോഴിവിപണിയിൽ വീണ്ടും ചർച്ചയാകുകയാണ്.
ജില്ലയിൽ കോഴിഫാമുകളിൽ ബ്രോയിലർ കോഴിയുടെ വില കിലോഗ്രാമിന് 76 രൂപയായി കുറഞ്ഞിരുന്നു. എന്നാൽ പൊതുവിപണിയിൽ ജീവനുള്ള കോഴിക്ക് കിലോഗ്രാമിന് ഇന്നത്തെ വില 110 മുതൽ 130 രൂപ വരെയും കോഴിയിറച്ചിക്ക് 128 മുതൽ 160 രൂപ വരെയും വിലയാണ് ഈടാക്കുന്നത്.
ഫാമുകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് കോഴികളെ ലഭിച്ചിട്ടും ചില്ലറവിപണിയിൽ വില കുറയാത്തത് സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നമാണ്. കോഴിവളർത്തൽ ചെലവും വിപണിയിലെ വിലയും തമ്മിലുള്ള ബന്ധം സുതാര്യമല്ലാത്തതും ഫാം വിലയിലെ മാറ്റങ്ങൾ ഉപഭോക്താക്കളിലേക്ക് എത്താത്തതും ആശങ്ക ഉയർത്തുന്നു.
ഫാമുകളിൽനിന്ന് കോഴികളെ വാങ്ങുന്ന ഇടനിലക്കാർ ഗതാഗതം, കൈകാര്യം ചെയ്യൽ തുടങ്ങിയ ചെലവുകൾക്കൊപ്പം ലാഭവിഹിതവും ചേർത്താണ് വ്യാപാരികൾക്ക് നൽകുന്നത്. തുടർന്ന് കോഴിക്കടകളിലെത്തുമ്പോൾ വീണ്ടും വില വർധിക്കുന്നു. എന്നാൽ ഓരോ ഘട്ടത്തിലും എത്ര രൂപയുടെ വർധനയാണ് വരുന്നതെന്നതിൽ വ്യക്തമായ ഏകീകരണമില്ലാത്തത് ഉപഭോക്താക്കൾക്ക് വില താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. അന്യസംസ്ഥാന വിപണിയിലെ വിലക്കുറവും പ്രതിസന്ധിയും തമിഴ്നാട്ടിലെ വിൽപനക്കാർ വില കുറച്ചതും കേരളത്തിലെ ഫാമുകളിൽ കോഴികളുടെ ലഭ്യത വർധിച്ചതും ഫാം വില താഴാൻ കാരണമായതായി കേരള പോൾട്രി ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഫാമുകളിൽ വലിയ തോതിൽ കോഴികൾ സ്റ്റോക്കുള്ള സമയങ്ങളിൽ അന്യസംസ്ഥാന വിപണിയിലെ വിലക്കുറവ് പ്രാദേശിക കർഷകരെ പ്രതികൂലമായി ബാധിക്കുന്നതായും കർഷകർ ആരോപിക്കുന്നു. ഫാം വില താഴുന്നതോടെ ഉൽപാദനച്ചെലവ് പോലും തിരിച്ചുപിടിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകാമെന്ന ആശങ്കയും കോഴിവളർത്തൽ മേഖലയിലുണ്ട്. തീറ്റ, മരുന്ന്, വൈദ്യുതി, തൊഴിലാളികളുടെ വേതനം, പരിപാലനം തുടങ്ങിയ ചെലവുകൾ വഹിച്ചാണ് കർഷകർ കോഴികളെ വളർത്തുന്നത്.
വിപണിവില പെട്ടെന്ന് താഴുമ്പോൾ നഷ്ടം നേരിടേണ്ടിവരുന്നത് ഫാം ഉടമകളെയാണ്. വിലയിലെ ഏകീകരണമില്ലായ്മയും ഉപഭോക്താക്കളുടെ ഭാരവും ഫാമിൽ നിന്ന് ലഭിക്കുന്ന വിലയും ഉപഭോക്താവ് നൽകുന്ന വിലയും തമ്മിൽ വലിയ വ്യത്യാസമുണ്ടാകുമ്പോൾ വിലനിർണയത്തിലെ സുതാര്യത ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരേ പ്രദേശത്തുള്ള വിവിധ കോഴിക്കടകളിൽ പോലും വിലയിൽ വ്യത്യാസമുണ്ടാകുന്നത് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നു.





