കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ നൃത്തസംഗീതോത്സവം കലാവിരുന്നുകളാൽ ശ്രദ്ധേയമാകുന്നു. രശ്മി ചുവലൂരും വിദ്യാ ചന്ദ്രികയും ചേർന്ന് അവതരിപ്പിച്ച കുച്ചിപ്പുടി മാർഗം പ്രേക്ഷകശ്രദ്ധ നേടി.
പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി ക്ഷേത്രത്തിൽ ദർശനം നടത്തുകയും ദേശീയ നൃത്തസംഗീതോത്സവ വേദിയിൽ ദേവീകീർത്തനം ആലപിക്കുകയും ചെയ്തു. ഒക്ടോബർ 15-ന് ദേശീയ നൃത്തസംഗീതോത്സവത്തിൽ പൊതിയിൽ നാരായണ ചാക്യാർ ചാക്യാർകൂത്ത് അവതരിപ്പിക്കും.
നവരാത്രി പൂജകളിൽ പങ്കെടുക്കാനും ദേവീദർശനത്തിനുമായി ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് തുടരുകയാണ്. വിജയദശമി വിദ്യാരംഭത്തിനും വിശേഷാൽ പൂജകൾക്കുമുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.





