കോട്ടയം: ബസിന് അടിയിലേക്കു സ്കൂട്ടർ മറിഞ്ഞ്, ഉറ്റ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥിനികൾ മരിക്കാനിടയായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അപകടത്തിന് കാരണമായി റോഡിൽ മാർഗതടസ്സം സൃഷ്ടിച്ചു നിന്നവരെക്കുറിച്ച് അന്വേഷിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലാണ് അപകടത്തിന്റെ കൃത്യമായ ചിത്രം വ്യക്തമായത്.
സമൂഹമാധ്യമത്തിലും മറ്റും ഇവർക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്. കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് പള്ളി വികാരി ഫാ. കുര്യാക്കോസ് കടവുംഭാഗം – അനിത കുര്യൻ ദമ്പതികളുടെ മകൾ കൃപ മെറിൻ കുര്യാക്കോസ് (24), മീനടം വട്ടക്കാവുങ്കൽ വി.വി.തോമസ് (കൊച്ചുമോൻ)– മേരി തോമസ് (പൊന്നമ്മ) ദമ്പതികളുടെ മകൾ ആഷ്‌ലി ആൻ തോമസ് (മാളു–25) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ദേശീയപാത 183ൽ കോത്തല 13–ാം മൈലിൽ ബുധൻ രാവിലെ 8.45നായിരുന്നു അപകടം. കൃപയും ആഷ്‌ലിയും കാനത്തുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കു സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം. മുന്നിൽ പോയിരുന്ന കാർ, റോഡിൽ നിന്നവരെ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടു. പിന്നാലെ എത്തിയ സ്കൂട്ടറും ബ്രേക്കിട്ടെങ്കിലും മറിഞ്ഞു വീണു.
തങ്കമണി– കോട്ടയം റൂട്ടിൽ സർ വീസ് നടത്തുന്ന സിഎംഎസ് ബസിന് അടിയിലേക്കാണ് ഇരുവരും വീണത്. ബസിന്റെ പിൻചക്രം ഇവരുടെ ദേഹത്തുകൂടി കയറിയിറങ്ങി. ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓസ്ട്രേലിയയിൽ പഠിക്കുന്ന കൃപ 19നാണു നാട്ടിലെത്തിയത്. ഐസിസിഎ കോഴ്സ് കഴിഞ്ഞ ദിവസമാണ് ആഷ്‌ലി പൂർത്തിയാക്കിയത്.





