കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതല്‍ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയത്ത് (പീക്ക് അവറുകളില്‍) 900 മെഗാവാട്ട് വരെ കുറവ് നേരിടാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം നികത്തുന്നതിനായി വൈകീട്ട് 6 മണിക്കും അര്‍ധരാത്രിക്കും ഇടയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി നിര്‍ബന്ധിതരായേക്കും. ജൂലൈയിലും സെപ്റ്റംബറിലും പവര്‍ കട്ടുകള്‍ ഉണ്ടായതിന് പിന്നാലെയാണ് പുതിയ പ്രതിസന്ധി. ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് ആഴ്ചകളായി പീക്ക് ഹവര്‍ വൈദ്യുതി ഉപഭോഗം 4,900 മെഗാവാട്ടിന് അടുത്താണ് തുടരുന്നത്.
സംസ്ഥാനത്ത് വരള്‍ച്ചാ സാഹചര്യം ഉണ്ടായാല്‍ ഇത് 5,500 മെഗാവാട്ട് കടക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, നവംബര്‍ 1 മുതല്‍ സംസ്ഥാനത്തിന് ലഭ്യമാകുന്ന പരമാവധി ശേഷി 4,200 മെഗാവാട്ട് ആയിരിക്കും. 2,225 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി സമര്‍പ്പിച്ച പ്രൊപ്പോസലില്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത് 1,000 മെഗാവാട്ടിന് മാത്രമാണ്. അതും യൂണിറ്റിന് 6.90 മുതല്‍ 10 രൂപ വരെ ഉയര്‍ന്ന നിരക്കില്‍.
ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതാണ് ഏറ്റവും വലിയ തിരിച്ചടിയായത്. പീക്ക് അവറുകളില്‍ യൂണിറ്റിന് 14.50 രൂപ നിരക്കില്‍ 900 മുതല്‍ 1,200 മെഗാവാട്ട് വരെ വൈദ്യുതി നല്‍കാന്‍ ഹിമാചല്‍ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് തയ്യാറായിരുന്നു. ഒക്ടോബര്‍ 1 മുതല്‍ സംസ്ഥാനത്തിന് ഈ വൈദ്യുതി ലഭിച്ചുതുടങ്ങിയിരുന്നു.
ഇത് മുന്‍പ് ഏര്‍പ്പെടുത്തിയിരുന്ന പവര്‍ കട്ട് അവസാനിപ്പിക്കാന്‍ കെഎസ്ഇബിയെ സഹായിക്കുകയും ചെയ്തു. എന്നാല്‍ നവംബര്‍ 1 മുതല്‍ അടുത്ത വര്‍ഷം മെയ് 15 വരെയുള്ള കാലയളവിലേക്ക് ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് തുടരുന്നതിനുള്ള അനുമതി തേടിയുള്ള ഫയല്‍ കഴിഞ്ഞ 22 ദിവസമായി കെട്ടിക്കിടക്കുകയാണ്.
അതേ സമയം എല്‍നിനോ ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും പരമാവധി വൈദ്യുതി സംഭരിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.





