കോഴഞ്ചേരി : തിരുവല്ല–കുമ്പഴ സംസ്ഥാന പാതയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി മെറ്റൽ പാകിയതോടെ നെടുമ്പ്രയാർ ജങ്ഷനു സമീപം പൊടിശല്യം രൂക്ഷമായി. കാഴ്ച മറയ്ക്കുന്ന പൊടിപടലം അപകടഭീഷണിയാകുന്നു. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. തോട്ടപ്പുഴശേരി വില്ലേജ് ഓഫീസ് പടി മുതൽ നെടുംപ്രയാർ ജംഗ്ഷൻ വരെയാണ് പൊടിശല്യം ഏറ്റവും രൂക്ഷമായിരിക്കുന്നത്. മെറ്റൽ പാകിയതോടെയാണ് പ്രദേശത്ത് പൊടിപടലങ്ങൾ ഉയരുന്നത്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ അന്തരീക്ഷമാകെ പൊടിനിറയുന്നത് യാത്രക്കാരുടെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെയും ബുദ്ധിമുട്ട് വർധിപ്പിക്കുന്നു. കടുത്ത പൊടി ശല്യം കാരണം സ്ഥാപനങ്ങൾ അടച്ചിടേണ്ട സ്ഥിതിയാണെന്ന് വ്യാപാരികൾ പറഞ്ഞു. സ്ഥാപനങ്ങൾ തുറന്ന് ഇരിക്കുന്നവർക്ക് കോവിഡ് കാലത്തെപ്പോലെ മാസ്ക്
ധരിക്കേണ്ട അവസ്ഥയാണ്.
പൊടിശല്യം രൂക്ഷമാകുന്നതിനാൽ വ്യാപാര കേന്ദ്രങ്ങളിൽ ആളുകൾ എത്താറില്ലെന്നും ഉടമകൾ പറഞ്ഞു. ശ്വാസതടസം പോലുള്ള രോഗാവസ്ഥയെ നേരിടുന്നവരും പൊടിശല്യത്താൽ വലയുകയാണ്.
പകൽസമയത്തുപോലും പൊടിപടലം കാരണം എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങളെ വ്യക്തമായി കാണാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇത് വാഹനങ്ങൾ കൂട്ടിയിടിക്കാനും നിയന്ത്രണം വിട്ട് അപകടങ്ങളുണ്ടാകാനും സാധ്യത വർധിപ്പിക്കുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് പൊടിശല്യം വലിയ വെല്ലുവിളിയാണ്. കണ്ണിൽ പൊടി വീഴുന്നതും ശ്വാസതടസ്സം ഉൾപ്പെടെയുള്ള അസ്വസ്ഥതകളും യാത്രക്കാരെ ബാധിക്കുന്നുണ്ട്.
തിരക്കേറിയ സംസ്ഥാനപാതയിലൂടെ കെ.എസ്.ആർ.ടി.സി ബസുകൾ, സ്വകാര്യ ബസുകൾ, ചരക്കുവാഹനങ്ങൾ, സ്വകാര്യ കാറുകൾ തുടങ്ങി നിരവധി വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ റോഡിൽനിന്ന് ഉയരുന്ന പൊടി ഗതാഗതസുരക്ഷയെ മാത്രമല്ല, പൊതുജനാരോഗ്യത്തെയും ബാധിക്കുമെന്ന ആശങ്കയുമുണ്ട്. റോഡരികിലെ വ്യാപാരികൾക്കും സമീപവാസികൾക്കും പൊടിശല്യം കാരണം കടകളും വീടുകളും വൃത്തിയായി സൂക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
തിരുവല്ല–കുമ്പഴ സംസ്ഥാനപാതയുടെ വിവിധ ഭാഗങ്ങളിൽ നവീകരണപ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി നേരത്തെയും ഗതാഗതതടസ്സങ്ങളും റോഡിന്റെ ശോച്യാവസ്ഥയും സംബന്ധിച്ച പരാതികൾ ഉയർന്നിരുന്നു.റോഡ് നവീകരണം യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കാനാണെങ്കിലും നിർമാണപ്രവൃത്തികൾക്കിടയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിൽ ആവശ്യത്തിന് വെള്ളം തളിച്ച് പൊടി ഉയരുന്നത് തടയുക, മെറ്റൽ ഉറപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുക, നിർമാണപ്രവൃത്തികൾ സുരക്ഷിതമായി പൂർത്തിയാക്കുക തുടങ്ങിയ കാര്യങ്ങളിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് വാഹനയാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.





