പത്തനംതിട്ട: പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ജീപ്പിന് പിഴയീടാക്കിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി. അടൂർ സ്ക്വാഡിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ലൈജുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
അടൂർ ബൈപ്പാസിൽ നടന്ന പതിവ് വാഹന പരിശോധനയ്‌ക്കിടെയാണ് പ്രളയ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന വാഹനം ഉദ്യോഗസ്ഥൻ പിടികൂടുന്നത്. ആറൻമുളയിലെ പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വാഹനമായിരുന്നു ഇത്. ഈ നടപടിക്കെതിരെ ആറന്മുള എംഎൽഎ അബിൻ വർക്കി നേരിട്ട് ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു.
വാഹനത്തിൽ ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചതിനും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനുമാണ് 7000 രൂപ പിഴ ചുമത്തിയത്. പിന്നീട് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെത്തുടർന്ന്. പിഴ തുക 5250 രൂപയായി കുറച്ചു നൽകുകയും ചെയ്തിരുന്നു. പിഴ ഈടാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗതാഗത വകുപ്പിന്റെ നടപടി ഉണ്ടായത്.





