ശബരിമല: ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10-ന് അടയ്ക്കും. സഹസ്രകലശാഭിഷേകത്തിനുള്ള കലശപൂജ ഇന്നലെ വൈകീട്ട് നടന്നു. പ്രത്യേകം തയ്യാർ ചെയ്ത മണ്ഡപത്തിൽ കളം വരച്ച് ബ്രഹ്മകലശം, ഖണ്ഡ ബ്രഹ്മകലശം എന്നിവ ഉൾപ്പെടെ 1001 കലശങ്ങൾ വെച്ചു തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ പൂജ നടത്തി.
പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആയിരുന്നു സഹസ്രകലശപൂജ. ചൈതന്യം നിറഞ്ഞ സഹസ്രകലശങ്ങൾ ഇന്ന് ഉച്ചയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ അഭിഷേകം ചെയ്തു. പടിപൂജ, ഉദയാസ്തമന പൂജ, കളഭാഭിഷേകം എന്നിവയും നടന്നു. മാളികപുറത്ത് മേൽശാന്തി മനു നമ്പൂതിരിയുടെ കാർമികത്വത്തിൽ ഭഗവതി സേവയും നടന്നു.
ഇന്ന് രാത്രി അത്താഴപൂജയ്ക്കു ശേഷം മേൽ ശാന്തി ഇഡി പ്രസാദ് നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി ഹരിവരാസനം പാടി നട അടയ്ക്കും. തുടർന്ന് ഓണം പൂജയ്ക്കായി 24 -ന് വൈകിട്ട് 5 -ന് തുറക്കും.





