തിരുവനന്തപുരം : ശബരിമല തീർഥാടനം തുടങ്ങിയതിനു ശേഷവും മുന്നൊരുക്ക പ്രവൃത്തികൾ തുടരുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സംയുക്ത കൺട്രോൾ റൂം സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.പോലീസ്, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ശബരിമലയിൽ തങ്ങാനാവശ്യമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഉറപ്പാക്കണം. ഭക്തർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ ബാരിക്കേഡുകൾ സ്ഥാപിക്കരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
പൊതുമരാമത്ത് വകുപ്പ് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കുമെന്ന് മന്ത്രി പി കെ ബഷീർ അറിയിച്ചു. കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തുമെന്ന് മന്ത്രി സി പി ജോൺ അറിയിച്ചു.
അരവണ നിർമാണ പ്ലാന്റിന്റെ ശേഷി വർധിപ്പിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. സീസൺ ആരംഭിക്കുമ്പോൾ 70 ലക്ഷം അരവണ സ്റ്റോക്ക് ഉണ്ടാകും. അപ്പം പായ്ക്ക് ചെയ്യുന്നതിന് യന്ത്രവൽക്കൃത സംവിധാനം ഏർപ്പെടുത്തും. തീർഥാടനത്തിനിടെ ജീവൻ നഷ്ടമാകുന്ന ഭക്തരുടെ കുടുംബങ്ങൾക്കായി എൽ ഐ സിയുമായി ചേർന്ന് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. മുറി ബുക്ക് ചെയ്യുന്നതുൾപ്പെടെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഇത്തവണ ഡിജിറ്റലാക്കും.
വാടകയ്ക്ക് നൽകുന്ന മുറികളിൽ ഹൌസ് കീപ്പിങ് സൗകര്യം ഏർപ്പെടുത്തും600 പുതിയ ബയോ ടോയ്ലെറ്റുകൾ സ്ഥാപിക്കും. നിലയ്ക്കലിൽ ഭക്തർക്കായി പന്തൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. മൂന്ന് കോടി രൂപ മുടക്കി ശബരിമലയിൽ വിവിധയിടങ്ങളിൽ പോലീസ് എ.ഐ. കാമറകൾ സ്ഥാപിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സ്ഥാപിക്കും. എല്ലാ ദിവസവും അന്നദാനത്തിന് സദ്യ ഒരുക്കും.
സീതത്തോടിൽ പുതിയ പ്ലാൻറ് നിലവിൽ വന്നതോടെ ശബരിമലയിൽ കുടിവെള്ളത്തിനായി ഇനി ടാങ്കർ ലോറിയെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് ജല അതോറിറ്റി അറിയിച്ചു. 300 അധിക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരണം നടത്താൻ അവലോകന യോഗത്തിൽ തീരുമാനമായി. അടുത്ത അവലോകന യോഗം ഒക്ടോബറിൽ പമ്പയിൽ നടത്തും.





