തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പൊതുജന പങ്കാളിത്തത്തോടെ ബസ് സർവീസുകൾ വിപുലീകരിക്കാൻ പുതിയ സംരംഭത്തിന് തുടക്കമിട്ടതെന്ന് അധികൃതർ അറിയിച്ചു.
ഗ്രാമപ്രദേശങ്ങളിലടക്കം സർവീസുകൾ ശക്തമാക്കുന്നതിനും, കാലാവധി പൂർത്തിയാക്കിയ പഴയ ബസുകൾ മാറ്റി പുതിയവ നിരത്തിലിറക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ-സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ എന്നിവർക്ക് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് വിനിയോഗിച്ചോ നേരിട്ടോ ബസുകൾ സ്പോൺസർ ചെയ്യാൻ സാധിക്കും.
ഒൻപത് മീറ്റർ മുതൽ 15 മീറ്റർ വരെ നീളമുള്ള എസി പ്രീമിയം, എസി സീറ്റർ, എസി സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ വിഭാഗങ്ങളിലുള്ള ബസുകളാണ് സ്പോൺസർഷിപ്പിലൂടെ സ്വീകരിക്കുക. സ്പോൺസർമാർക്ക് നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായി ബസുകൾ നേരിട്ട് വാങ്ങി കെഎസ്ആർടിസിക്ക് കൈമാറാം. അല്ലെങ്കിൽ ബസ് വാങ്ങുന്നതിനാവശ്യമായ തുക കോർപ്പറേഷന് നൽകിയാൽ ടെൻഡർ നടപടികളിലൂടെ കെഎസ്ആർടിസി നേരിട്ട് വാഹനം വാങ്ങി നിരത്തിലിറക്കും.
സ്പോൺസർ ചെയ്യുന്ന ബസുകൾ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും കോർപ്പറേഷന്റെ സ്ഥിരം ആസ്തിയായി മാറുകയും ചെയ്യും. സർവീസുകളുടെ നടത്തിപ്പ്, റിപ്പയറിംഗ്, ഇൻഷുറൻസ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ വിന്യാസം എന്നിവയുടെ പൂർണ്ണ നിയന്ത്രണം കെഎസ്ആർടിസിക്കായിരിക്കും.





