പത്തനംതിട്ട: ചിറ്റാർ കട്ടച്ചിറയിൽ നിന്ന് കാണാതായ വയോധിക കുട്ടിയമ്മയുടെ മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന സംശയം ഉയരുന്നു. കട്ടച്ചിറ–കൊടുമുടി ഭാഗത്തെ കനത്ത വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കട്ടച്ചിറ തോട്ടുപുറം വീട്ടിൽ കുട്ടിയമ്മ (85) ആഗസ്റ്റ് 2-നാണ് വിറക് ശേഖരിക്കുന്നതിനായി വീട്ടിൽനിന്ന് വനത്തിലേക്ക് പോയത്. തുടർന്ന് തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും വനപാലകരും പൊലീസും ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. പത്ത് ദിവസത്തോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം വനമേഖലയിൽ കണ്ടെത്തിയത്.
മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകാത്ത സാഹചര്യത്തിലാണ് സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന സംശയം ഉയർന്നിരിക്കുന്നത്. കൊടുമുടിയിലെ ഉൾവനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഉൾവനത്തിൽ കുട്ടിയമ്മ തനിയെ എങ്ങനെ എത്തിയെന്നതും ദുരുഹത ഉണർത്തുന്നു.
കാട്ടാനകൾ വിഹരിക്കുന്ന ആനത്താരയുള്ള പ്രദേശം കൂടിയാണ് ഇത്. കാട്ടിലെ കുഴിയിലാണ് കുട്ടിയമ്മയുടെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ സാഹചര്യം ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണത്തിലെ മറ്റ് കണ്ടെത്തലുകളും പുറത്തുവന്ന ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരണമെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം.





