പരുമല : ഒക്ടോബർ 26 മുതൽ നവംബർ 2 വരെ നടക്കുന്ന പരുമല പെരുന്നാളുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥന്റെ അധ്യക്ഷതയിൽ പരുമലപള്ളി സെമിനാരി ഹാളില് യോഗം ചേർന്നു.
പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ വകുപ്പുകൾ കൂടുതൽ ശ്രദ്ധ നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഏകോപിപ്പിച്ച് പോലീസ് പ്രവർത്തിക്കും. ഇതിനായി പ്രത്യേക കൺട്രോൾ റൂം ആരംഭിക്കും. 10 സെക്ടറുകൾ ആയി തിരിച്ച് ഡിവൈഎസ്പിയുടെ ചുമതലയിലാണ് പോലീസ് വിന്യാസം. പ്രത്യേക പട്രോളിങ്ങും നടത്തും.
ആരോഗ്യ, ആയുഷ് വകുപ്പുകളുടെ സേവനം ഉറപ്പാക്കും. ചെങ്ങന്നൂർ, തിരുവല്ല സർക്കാർ ആശുപത്രികളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കാൽനടയായി പെരുന്നാളിന് എത്തുന്ന തീർഥാടകർക്ക് ആശ്വാസമായി ആയുഷ് വകുപ്പിന്റെ ഒ പി പള്ളിക്ക് സമീപം പ്രവർത്തിക്കും. കെഎസ്ആർടിസി അധിക ബസ് സർവീസ് ക്രമീകരിക്കും. എക്സൈസ് കർശന പരിശോധന നടത്തും.
പരുമല പാലത്തിൻറെ നടപ്പാതയുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
ഉപദേശിക്കടവ് പാലത്തിൽ കെഎസ്ഇബി താൽക്കാലിക തെരുവ് വിളക്കുകൾ സ്ഥാപിക്കണം. പെരുന്നാളിനോട് അനുബന്ധിച്ച് കടകളിൽ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന്റെ നിലവാരം ഭക്ഷ്യസുരക്ഷാ വകുപ്പ് മുൻകൂട്ടി പരിശോധിച്ച് ഉറപ്പാക്കണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് സുരക്ഷ ഓഡിറ്റ് നടത്തണം. റോഡിന്റെയും പാലങ്ങളുടെയും വശങ്ങളിലുള്ള കാട് പൊതുമരാമത്ത് വകുപ്പ് വെട്ടിത്തെളിക്കണം.
പെരുന്നാളുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ ഏകോപന ചുമതല തിരുവല്ല സബ് കലക്ടർ നിർവഹിക്കും. ആലപ്പുഴ എ ഡി എം, ചെങ്ങന്നൂർ ആർഡിഒ എന്നിവർ ചെങ്ങന്നൂരിലെ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കും. ഒരാഴ്ചക്ക് ശേഷം വീണ്ടും പുരോഗതി വിലയിരുത്തുമെന്ന് മന്ത്രി പറഞ്ഞു.
എംഎൽഎമാരായ വർഗീസ് മാമൻ, സജി ചെറിയാൻ, പത്തനംതിട്ട ജില്ല കലക്ടർ എ നിസാമുദ്ദീൻ, ജില്ല പോലീസ് മേധാവി ആർ ആനന്ദ്, തിരുവല്ല സബ് കലക്ടർ പാർവതി ഗോപകുമാർ, പത്തനംതിട്ട ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എ വിജയൻ, ആലപ്പുഴ ഏഡിഎം പ്രേംജി, ചെങ്ങന്നൂർ ആർഡിഒ ഷീബ മാത്യു, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി ആർ പണിക്കർ, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി കെ പ്രസാദ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. തോമസ് വര്ഗീസ് അമയില്, അത്മായ ട്രസ്റ്റി റോണി വര്ഗീസ് എബ്രഹാം, അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്, പരുമല സെമിനാരി മാനേജര് യാക്കോബ് തോമസ് റമ്പാൻ തുടങ്ങിയവർ പങ്കെടുത്തു.





