ആലപ്പുഴ: പൂച്ചാക്കൽ മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ പണികൾ പൂർത്തിയായി വരുന്നു. 18ന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി വി.ഡി സതീശൻ പാലം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.കെ. ബഷീർ, രമേശ് ചെന്നിത്തല, എം.ലിജു, മോൻസ് ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. നിർമാണം പൂർത്തിയായതിനു ശേഷമുള്ള പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി പരിശോധന നടത്തി. 39 ടൺ വരുന്ന നാല് ലോറികൾ വിവിധ സമയങ്ങളിലും സ്ഥലങ്ങളിലുമായി 24 മണിക്കൂർ പാലത്തിൽ നിർത്തിയിട്ട ശേഷം താഴെ 12 ഗേജ് സെറ്റ് സ്ഥാപിച്ച് വ്യതിചലനം, ആയാസം ഉൾപ്പെടെ നിരീക്ഷിച്ചാണ് നടപടികൾ പൂർത്തിയായത്.
പാലത്തിൽ സുരക്ഷാരേഖകൾ വരയ്ക്കൽ, സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ ജോലികളും പുരോഗമിക്കുകയാണ്. ബുധനാഴ്ചയോടെ പൊതുമരാമത്ത് വകുപ്പിന്റെ ജോലികൾ അവസാനിപ്പിക്കും. വഴി വിളക്കുകൾക്ക് വൈദ്യുതി കണക്ഷൻ നൽകൽ ജോലികളും നടക്കും. ശേഷം പന്തൽ ഇടൽ ഉൾപ്പെടെ നടപടികൾ തുടങ്ങും. പാലത്തോട് ചേർന്നാണ് സമ്മേളന വേദി. 2500 പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ സന്ദർശനവും ഡോഗ് – ബോംബ് സ്ക്വാഡുകളുടെയും പരിശോധനയും അടുത്താഴ്ച്ചയുണ്ടാകും.





