പത്തനംതിട്ട: തിരുവല്ല പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായ നിഷാന്ത് പി. ചന്ദ്രനെതിരെ വകുപ്പുതല നടപടി കർശനമാകുന്നു. ഇദ്ദേഹത്തെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.
ഗുരുതരമായ സേനാചട്ടലംഘനങ്ങളും ഔദ്യോഗിക കൃത്യവിലോപങ്ങളും ചൂണ്ടിക്കാണിച്ചാണ് നടപടി. പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹിയെന്ന പദവി ദുരുപയോഗം ചെയ്ത് സേനയുടെ അന്തസിന് കളങ്കം വരുത്തുന്ന രീതിയിൽ പെരുമാറിയെന്ന പരാതികളും ഇദ്ദേഹത്തിനെതിരെയുണ്ട്. തുടർന്നാണ് വകുപ്പ് ഇദ്ദേഹത്തിനെതിരെ കർശനമായ അച്ചടക്ക നടപടികളിലേക്ക് കടന്നത്. ഗുണ്ടാ ബന്ധവും സേനയിലെ വിവരങ്ങൾ ചോർത്തി നൽകുന്നതും പൊലീസ് ഉദ്യോഗസ്ഥന് എതിരെയുള്ള നടപടികൾക്ക് കാരണമായിട്ടുണ്ട്
പൊലീസ് സേനയിൽ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നതിന്റെ സൂചനയാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇതുസംബന്ധിച്ച അന്തിമ നടപടികൾ ഉടൻ പൂർത്തിയാകുമെന്നാണ് വിവരം.





