പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ ഔദ്യോഗിക വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ 19-കാരൻ മരിച്ചു. അനന്ദു (19) ആണ് മരിച്ചത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കൂടലിൽ ഇന്ന് രാവിലെ ഒൻപതോടെയായിരുന്നു ദാരുണമായ അപകടം.
റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികനെ ഇടിക്കാതിരിക്കാനായി അനന്ദു ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം വിട്ട ബൈക്ക് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിൽ ഇടിക്കുകയായിരുന്നു.
പത്തനാപുരത്തുനിന്ന് കോന്നി ഭാഗത്തേക്ക് വരികയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വാഹനം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനന്ദുവിനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികനും അപകടത്തിൽ പരുക്കേറ്റു.





