ആലപ്പുഴ : യുവജനതയെ നശിപ്പിക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാനിലൂടെ നാട് അണിനിരക്കുകയാണെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തൂഫാൻ 2.0 തദേശം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിവിധ ലഹരി കേസുകളിലായി 10070 പേരെ അറസ്റ്റ് ചെയ്തു. 13964 ലഹരി കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുവരെ 2584.35 ഗ്രാം എം ഡി എം എയും 2515.30 കിലോ കഞ്ചാവും പോലീസും എക്സൈസ് വകുപ്പും ചേർന്ന് പിടിച്ചെടുത്തു. 14000 ത്തോളം പേരെ മദ്യപിച്ചു വാഹനമോടിച്ചതിന് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിചേർത്തു. എൻഡിപിഎസ് ആക്ട്പ്രകാരം 38 കേസുകൾ രജിസ്റ്റർ ചെയ്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 157 ബോധവൽക്കരണ ക്യാമ്പുകൾ നടത്തി. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും രാഷ്ട്രീയകക്ഷി ഭേദമന്യേ സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നു. ഓപ്പറേഷൻ തൂഫാന്റെ ഏറ്റവും മികച്ച പോരാളികൾ സംസ്ഥാനത്തെ അമ്മമാരാണ്. നിരന്തര നിരീക്ഷണവും ചിട്ടയായ പ്രവർത്തനവും മൂലം ലഹരി മാഫിയയുടെ വേരറുക്കാനായി.
മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പോലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അത്തരക്കാർ സർവീസിൽ ഉണ്ടാകില്ല. മൂന്ന് ഭാഗങ്ങളായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ആദ്യഭാഗമായ തൂഫാൻ സ്ട്രൈക്കിൽ പോലീസ്, എക്സൈസ്, മറ്റു വകുപ്പുകളുടെ സഹകരണത്തോടെ ലഹരി വ്യാപനം തടയുന്നു. മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം തീർക്കുന്ന തൂഫാൻ വാരിയർ ആണ് രണ്ടാം ഭാഗം. ഇതുവരെ സംസ്ഥാനത്തെ 50 ലക്ഷം ജനങ്ങൾ തൂഫാൻ വാരിയർ ആയി.
ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ വേണ്ടുന്ന പ്രവർത്തനങ്ങളാണ് മൂന്നാം ഭാഗമായ തൂഫാൻ കെയറിലൂടെ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 48 സർക്കാർ ആശുപത്രികളിൽ ലഹരി വിമുക്തിക്കായി സംവിധാനങ്ങൾ ഒരുക്കി. കേരളത്തിന് പുറത്തേക്കും ഓപ്പറേഷൻ തൂഫാൻ വ്യാപിക്കുകയാണ്. അതിർത്തി പ്രദേശങ്ങളിലെ ലഹരി വ്യാപനം തടയാൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വൃന്ദ എസ് കുമാർ അധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ എം ബി അനിൽമിത്ര സ്വാഗതം ആശംസിച്ചു . മുഖ്യാതിഥിയായ ജില്ലാ കളക്ടർ ഷാജി വി നായർ തൂഫാൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.





