തിരുവല്ല : കൊല്ലം–കോട്ടയം റൂട്ടിൽ കോട്ടയം വഴി എറണാകുളത്തേക്കും തിരിച്ചുമുള്ള ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരമാകുന്നു.
കൊല്ലം–കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസിൽ അനുഭവപ്പെടുന്ന രൂക്ഷമായ തിരക്കിന് ഇതോടെ വലിയൊരളവിൽ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. പുതിയ സർവീസിന്റെ പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് അറിയുന്നത്.
നിലവിൽ എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിലേക്ക് വൈകുന്നേരങ്ങളിൽ മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർ പ്രധാനമായും വേണാട് എക്സ്പ്രസിനെയാണ് ആശ്രയിക്കുന്നത്. ഇതുമൂലം ട്രെയിനിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും പോലും ഇരുന്ന് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യവും പലപ്പോഴും ഉണ്ടാകാറുണ്ട്.
ഈ യാത്രാദുരിതത്തിന് പരിഹാരമായി അധിക ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം യാത്രക്കാരുടെ സംഘടനകളും ജനപ്രതിനിധികളും നിരന്തരം റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വേണാട് എക്സ്പ്രസിന് മുമ്പായി എറണാകുളത്തുനിന്ന് പുതിയൊരു സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. യാത്രക്കാരുടെ ദുരിതം വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും കേന്ദ്ര റെയിൽവേ മന്ത്രിക്ക് കൈമാറിയിരുന്നു.
ഇതിന്റെ തുടർനടപടിയായാണ് നിലവിലുള്ള കൊല്ലം–കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടാൻ തീരുമാനമായത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലുകളും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനവും തീരുമാനത്തിന് പിന്നിലുണ്ട്. ഒക്ടോബർ മൂന്നിന് കൊടിക്കുന്നിൽ സുരേഷ് എം.പി. ഇതുസംബന്ധിച്ച് റെയിൽവേ മന്ത്രിക്ക് പ്രത്യേക കത്തും നൽകിയിരുന്നു.
പുതുക്കിയ ക്രമീകരണമനുസരിച്ച് കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 1.40ന് പുറപ്പെടുന്ന മെമു വൈകിട്ട് 5.05ന് എറണാകുളത്തെത്തും. മടക്കയാത്രയിൽ വൈകിട്ട് 5.25ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 6.45ന് കോട്ടയത്തും രാത്രി 9.25ന് കൊല്ലത്തും എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം.
തൃപ്പൂണിത്തുറ, കാഞ്ഞിരമറ്റം, പിറവം റോഡ്, വൈക്കം റോഡ്, കുറുപ്പന്തറ, ഏറ്റുമാനൂർ, കോട്ടയം, ചിങ്ങവനം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, ചെറിയനാട്, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, മൺറോത്തുരുത്ത്, പെരിനാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.





