കോട്ടയം : 2026 ഓഗസ്റ്റ് 27ന് മുളന്തുരുത്തിയിൽ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 101 അംഗം സ്വാഗതസംഘം രൂപീകരിച്ചു. മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ ചേർന്ന യോഗം മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.
മുളന്തുരുത്തി സുന്നഹദോസിന്റെ 150 ാം വാർഷികമടക്കം ഒട്ടേറെ ചരിത്ര പശ്ചാത്തലത്തിലാണ് ഇക്കുറി മലങ്കരപള്ളിയോഗം മുളന്തുരുത്തിയിൽ സമ്മേളിക്കുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, മലങ്കരമൽപ്പാൻ ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്ക്കോപ്പാ, ഫാ.ജോസ് ഡേവിസ് എന്നിവർ പ്രസംഗിച്ചു.





