റാന്നി : റാന്നി ഇടമുറിയിൽ പട്ടാപ്പകൽ വീടിൻ്റെ ഓട് പൊളിച്ച് മോഷണം. 12 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർന്നു. ഇടമുറി കല്ലംപറമ്പിൽ ബിബിൻ കുരുവിളയുടെ വീട്ടിൽ ഇന്ന് രാവിലെ ആണ് മോഷണം നടന്നത്. രാവിലെ മന്ദമരുതിയിലെ പള്ളിയിൽ പ്രാർഥനയ്ക്കു പോയ കൂടുംബാംഗങ്ങളെ തിരികെ വിളിക്കാൻ ബിബിൻ പോയി മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ബിബിൻ്റെ ഭാര്യ വിദേശത്താണ്. മകളേയും അമ്മയേയും തിരികെ കൊണ്ടു വരാൻ ബിബിൻ വീട് പൂട്ടി പോയപ്പോഴാണ് മോഷണം നടന്നത്. വീട്ടിൽ എത്തിയപ്പോൾ അടുക്കള വാതിൽ തുറന്നു കിടക്കുന്നതിൽ സംശയം തോന്നിയതിന്നെ തുടർന്ന് വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന സ്വർണമാണ് അപഹരിച്ചത്.
മേശയ്ക്കുള്ളിൽ ആയിരുന്നു പണം സൂക്ഷിച്ചത്. അടുക്കളയുടെ മുകളിലെ ഓട് നീക്കിയ നിലയിൽ കാണപ്പെട്ടിട്ടുണ്ട്. റാന്നി പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു





