റാന്നി : നിർമാണം പുനരാരംഭിച്ചിട്ടു 3 മാസം പിന്നിടുമ്പോഴും കമ്പി വളയ്ക്കലിൽ ഒതുങ്ങുകയാണു പുതിയ പാലത്തിന്റെ നിർമാണം. കാര്യമായ പണികളൊന്നും ഇതുവരെ പുനരാരംഭിച്ചിട്ടില്ല. സമീപന റോഡിന്റെ ലെവൽസെടുത്തെങ്കിലും നിർമാണം തുടങ്ങിയിട്ടില്ല. പമ്പാനദിയിൽ പെരുമ്പുഴ ബോട്ടുജെട്ടി, ഉപാസന എന്നീ കടവുകളെ ബന്ധിപ്പിച്ചാണു പുതിയ ആർച്ച് പാലം നിർമിക്കുന്നത്.
റാന്നി രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി റോഡാണ് സമീപന പാതയായി വികസിപ്പിക്കുന്നത്. 5 വർഷമായി മുടങ്ങിക്കിടന്ന പണികൾ ജൂലൈ 16ന് ആണ് പുനരാരംഭിച്ചത്. 317 മീറ്റർ നീളവും നടപ്പാത ഉൾപ്പെടെ 12 മീറ്റർ വീതിയുമാണു പാലത്തിന്. 31.79 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയാണു നിർമാണം കരാറെടുത്തിരിക്കുന്നത്.
11 തൂണുകളാണു പാലത്തിന്. ഇതിൽ പെരുമ്പുഴ കരയിൽ മൂന്നും പേട്ട കരയിൽ രണ്ടും തൂണുകളുടെ പണി പൂർത്തിയായിട്ടുണ്ട്. ആറ്റിൽ 3 തൂണുകളും പെരുമ്പുഴ കരയിൽ ഒന്നും ഭാഗികമായി പണിതിട്ടുണ്ട്. പേട്ട കരയിൽ 2 തൂണുകൾ കൂടി ഇനി നിർമിക്കണം. പെരുമ്പുഴ കരയിൽ പണി പൂർത്തിയായ തൂണുകളെ ബന്ധിപ്പിച്ച് 8 ഗർഡറുകളും സ്ഥാപിച്ചിട്ടുണ്ട്.





