ആറന്മുള : യു ഡി എഫ് സർക്കാരിൻ്റെ കന്നി ബജറ്റിൽ ആറന്മുള കണ്ണാടിയ്ക്കും അംഗീകാരം. മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് അവതരിപ്പിച്ച ബജറ്റിൽ ആറന്മുള കണ്ണാടി എക്സിബിഷൻ സെൻ്ററിന് ഒരു കോടി രൂപ അനുവദിച്ചു.
ആറന്മുള പൈതൃക ഗ്രാമത്തെ ലോക പ്രശസ്തമാക്കിയ പ്രധാന കരകൗശല ഉൽപ്പന്നമാണ് ആറന്മുള കണ്ണാടി. പ്രത്യേക ലോഹക്കൂട്ടിൽ നിർമിക്കുന്ന ആറന്മുള കണ്ണാടിയുടെ ആവിർഭാവത്തിന് 2000 വർഷത്തോളം പഴക്കമുണ്ട്. ആറന്മുള പാർഥസാരഥി ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന വിശ്വകർമ്മ കുടുംബങ്ങളാണ് ഇപ്പോഴും പരമ്പരാഗതമായി ആറന്മുള കണ്ണാടി നിർമിക്കുന്നത്.
കണ്ണാടി നിർമ്മിക്കുന്നത് സർക്കാർ സഹായത്തോടെ തുടരാനും കണ്ണാടി നിർമ്മാണ ശാലകളെ സംരക്ഷിക്കാനും സർക്കാർ പുതിയ പദ്ധതി കൊണ്ടു വരണമെന്നാവശ്യപ്പെട്ട് എബിൻ വർക്കി എം എൽ എ മുഖേന സർക്കാരിന് നിവേദനം നൽകിയിരുന്നതായി ആറന്മുള കണ്ണാടി നിർമാണ യൂണിറ്റ് ഭാരവാഹിയായ മുരുകൻ ആചാരി ആറന്മുള ദേശം ന്യൂസിനോട് പറഞ്ഞു.
നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് ബജറ്റിൽ തുക വകയിരുത്തിയത്. കണ്ണാടി നിർമാണ മേഖലയ്ക് പുതിയ ഉണർവ് പകർന്ന ബജറ്റ് പ്രഖ്യാപനം നടത്തിയതിന് മുഖ്യമന്ത്രി വി.ഡി. സതീശനെയും അബിൻ വർക്കി എം എൽ എ യെയും അഭിനന്ദിക്കുന്നതായി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
ആറന്മുള കണ്ണാടി നിർമാണ ശാലകൾക്കായി പ്രത്യേകമായി സർക്കാർ ഭൂമി അനുവദിക്കണമെന്നതായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യം. ഇതിനായി ക്ഷേത്രത്തിൻ്റെ തെക്കേ നടയിലെ മണ്ഡലക്കുഴി, പടിഞ്ഞാറെ നടയിലെ ട്രാഫിക് പാർക്കിന് സമീപത്തെ സ്ഥലം എന്നിവ ഏറ്റെടുക്കാമെന്നും നിവേദനത്തിൽ നിർദേശിക്കുന്നു.
ഇവിടെ നിർമാണ ശാല ആരംഭിച്ചാൽ വിദേശ- സ്വദേശ വിനോദ സഞ്ചാരികൾക്ക് കണ്ണാടി വാങ്ങാനും നിർമാണം കാണാനും കഴിയും.കണ്ണാടി ശിൽപി കുടുംബങ്ങൾക്കായി സൊസൈറ്റിയും രൂപീകരിക്കണം.
ആറന്മുള കണ്ണാടി നിർമിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളായ കരി, ഈയം , ചെമ്പ് എന്നിവ കുറഞ്ഞ വിലയ്ക്ക് സർക്കാർ ഡിപ്പോകൾ വഴി വിതരണം ചെയ്യണം, കണ്ണാടി നിർമാതാ ക്കൾക്കാവശ്യമായ സർക്കാർ ആനുകൂല്യങ്ങൾ നൽകുക, ഈ മേഖലയിലെ തൊഴിൽ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് ആറന്മുള കണ്ണാടി നിർമാണ പരിശീലന കേന്ദ്രം സ്ഥാപിക്കുക, സർക്കാർ പരിപാടികളിൽ ആറന്മുള കണ്ണാടി എക്സിബിഷൻ സെൻ്റ്റുകൾക്ക് പ്രാതിനിധ്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആറന്മുള കണ്ണാടി നിർമ്മാണ കുടുംബങ്ങൾ എബിൻ വർക്കി എം എൽ എയ്ക്ക് നിവേദനം നൽകിയത്.





