പത്തനംതിട്ട : മണ്ണിടിച്ചിലിനെ തുടർന്ന് മൂഴിയാർ–ഗവി പാതയിൽ ഗതാഗതം നിലച്ചിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും യാത്രാക്ലേശത്തിന് പരിഹാരമായില്ല. ഗവി ഭാഗത്തേക്ക് സഞ്ചാരികളെയും കയറ്റി വിടുന്നില്ല. മൂഴിയാർ പിന്നിട്ടുള്ള ക്രോസിംഗിനും വാൽവ് ഹൗസിനുമിടയിൽ ഏകദേശം 100 മീറ്ററോളം ദൂരത്തിലാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് വീണത്.
മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രവൃത്തി നിർത്തിവയ്ക്കുകയായിരുന്നു.മഴയ്ക്ക് ശമനമായെങ്കിലും മണ്ണ് ഉണങ്ങിയ ശേഷം മാത്രമേ സുരക്ഷിതമായി നീക്കം ചെയ്യാൻ കഴിയൂ എന്ന നിലപാടിലാണ് അധികൃതർ.
പ്രദേശത്ത് മണ്ണ് അടർന്നുനിൽക്കുന്നത് റോഡ് ഗതാഗതത്തിന് ഭീഷണിയായതിനാൽ പാത പൂർണമായി തുറക്കാൻ കഴിയാത്ത സ്ഥിതിയാണ്. നിലവിൽ പ്രദേശവാസികൾ, കെ.എസ്.ഇ.ബി, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ വാഹനങ്ങൾക്ക് നിയന്ത്രിതമായി ഒരു വശത്തുകൂടി യാത്ര അനുവദിക്കുന്നുണ്ട്.
ഗതാഗതം നിലച്ചതോടെ ഗവി ഒറ്റപ്പെട്ട അവസ്ഥയിലാണ്. വിനോദസഞ്ചാരികൾക്കും പ്രവേശന നിയന്ത്രണമുണ്ട്. ഇതോടെ ഓണക്കാലത്തെ ഗവി ടൂറിസത്തിനും തിരിച്ചടിയായി. കഴിഞ്ഞ ഓണക്കാലത്ത് ഗവി പാക്കേജിലൂടെ കെ.എസ്.ആർ.ടി.സിക്ക് ഏകദേശം 40 ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്നു.
അതേസമയം മണ്ണ് നീക്കം ചെയ്ത ഭാഗത്തിന് മുകളിലായി വീണ്ടും മണ്ണിടിഞ്ഞുവീഴാനുള്ള അപകടസാധ്യത തുടരുകയാണ്. റോഡിന്റെ ഒരു ഭാഗം കൂടുതൽ താഴേക്ക് ഇടിയാനുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ സാധാരണ വാഹന ഗതാഗതം പുനഃസ്ഥാപിക്കാൻ ഇനിയും സമയമെടുക്കും





