അടൂർ: ടോറസിന്റെ മുകൾ ഭാഗം വൈദ്യുതി കേബിളിൽ കുരുങ്ങിയിതിനെ അടൂർ ഹോളിക്രോസ്–ആനന്ദപ്പള്ളി റോഡിൽ 7 വൈദ്യുതിത്തൂണുകൾ ഒന്നിനു പിന്നാലെ ഒന്നായി ഒടിഞ്ഞു വീണു. വൈദ്യുതി തൂണുകൾ റോഡിലേക്ക് ഒടിഞ്ഞു വീണ സമയത്ത് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.
ലോറി നിർത്താതെ പോവുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അടൂർ ഹോളിക്രോസ്–ആനന്ദപ്പള്ളി റോഡിൽ പ്ലാവിളത്തറ വിളനിലം ഭാഗത്തായിരുന്നു സംഭവം. അടൂർ ഭാഗത്തു നിന്ന് ആനന്ദപ്പള്ളി ഭാഗത്തേക്ക് പോയ ടോറസ് ലോറിയുടെ മുകളിലാണ് വൈദ്യുതി കേബിൾ കുരുങ്ങിയത്.
എന്നാൽ കേബിൾ കുരുങ്ങി പൊട്ടിയിട്ടും ലോറി നിർത്താതെ പോയതാണ് ഇത്രയും തൂണുകൾ ഒടിയാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് കെഎസ്ഇബി ജീവനക്കാർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. വൈദ്യുതി തൂണുകൾ തകർന്നതോടെ വിളനിലം ഭാഗത്തെ ട്രാൻസ്ഫോമറിന്റെ പരിധിയിൽ വൈദ്യുതി നിലച്ചു.
തകർന്ന ലൈനുകളും വൈദ്യുതി തൂണുകളും പുനഃസ്ഥാപിക്കുന്ന ജോലികൾ ഉടനെ തുടങ്ങി. ലോറി കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചു. 7 വൈദ്യുതി തൂണുകൾ തകർന്നതിനാൽ ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പ് കണക്കാക്കുന്നത്.





