പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ പുരപ്പുറ സൗരോർജ പദ്ധതിയായ ‘സൗര’ ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കുന്നതിനായി കെ.എസ്.ഇ.ബി സംസ്ഥാന വ്യാപകമായി ‘സേവ’ പ്രത്യേക പ്രചാരണ ക്യാമ്പെയ്ൻ ആരംഭിക്കുന്നു. വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ഇളവുകളും വിവരങ്ങളും നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് ബിജിലി യോജന’ പദ്ധതിയുടെ ഭാഗമായാണ് കെ.എസ്.ഇ.ബി. ഈ മാസ് പ്രചാരണം സംഘടിപ്പിക്കുന്നത്.
പദ്ധതിയിലൂടെ വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന ഉപഭോക്താക്കൾക്ക് 3 കിലോവാട്ട് വരെ കിലോവാട്ടിന് 30,000 രൂപ നിരക്കിൽ പരമാവധി 78,000 രൂപ വരെ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള സബ്സിഡി ലഭിക്കും. കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ‘സേവ’ ക്യാമ്പുകളിലൂടെ ഉപഭോക്താക്കൾക്ക് സൗജന്യമായി പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യാം.
സോളാർ പാനൽ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കുറഞ്ഞ പലിശ നിരക്കിൽ പ്രമുഖ ബാങ്കുകൾ വഴി വായ്പാ സൗകര്യവും ലഭ്യമാക്കും. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലൂടെ വൈദ്യുതി ബില്ലിൽ ഗണ്യമായ കുറവുണ്ടാകുമെന്നു മാത്രമല്ല, അധികം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നൽകി വരുമാനമുണ്ടാക്കാനും സാധിക്കും.
പൊതുജനങ്ങൾക്ക് പദ്ധതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്നതിനായി എല്ലാ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസുകളിലും പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ പരമാവധി പ്രയോജനം പൊതുജനങ്ങൾ വിനിയോഗിക്കണമെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു





