പത്തനംതിട്ട: പകൽസമയത്തെ ചൂട് വർധിക്കുന്നതോടെ മത്സ്യങ്ങൾ വേഗത്തിൽ കേടാകാനുള്ള സാധ്യത ഉയരുന്നത് മീൻവിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നു. ആവശ്യമായ തണുപ്പിൽ സൂക്ഷിക്കാത്ത മീനുകളുടെ ഗുണനിലവാരം കുറയാനും ദുർഗന്ധം ഉണ്ടാകാനും സാധ്യതയുള്ളതിനാൽ വിൽപ്പനക്കാരും ഉപഭോക്താക്കളും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
പുല്ലാട് വടക്കേ കവലയിൽ കഴിഞ്ഞ ദിവസം മീൻ വാങ്ങി പാകം ചെയ്യാൻ നേരം വീട്ടമ്മയുടെ കൈ ചൊറിഞ്ഞു തടിച്ച സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ റിപ്പോർട്ട് പുറത്തു വന്നു. മത്സ്യത്തിൽ അമോണിയം ചേർത്തിരുന്നതായാണ് കണ്ടെത്തിയത്. മീൻ പിടിച്ചെടുക്കുന്നതു മുതൽ വിപണിയിലെത്തിക്കുന്നതും വിൽക്കുന്നതും വരെയുള്ള ഘട്ടങ്ങളിൽ കൃത്യമായ ശീതസംരക്ഷണം ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
ആവശ്യത്തിന് ഐസ് ഉപയോഗിക്കാതിരിക്കുക, മീനുകൾ ദീർഘനേരം ഉയർന്ന താപനിലയിൽ സൂക്ഷിക്കുക തുടങ്ങിയ സാഹചര്യങ്ങൾ കേടാകുന്നത് വേഗത്തിലാകാൻ സാധ്യതയുണ്ട്. വാങ്ങുന്ന മീൻ പുതുമയുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും സംശയകരമായ ഗന്ധമോ നിറവ്യത്യാസമോ മൃദുവായ ഘടനയോ ശ്രദ്ധയിൽപ്പെട്ടാൽ ഉപയോഗിക്കരുതെന്നും ഭക്ഷ്യസുരക്ഷാ രംഗത്തുള്ളവർ നിർദേശിക്കുന്നു.
മീൻ വാങ്ങിയശേഷം ദീർഘനേരം അന്തരീക്ഷ താപനിലയിൽ സൂക്ഷിക്കുന്നതും ഒഴിവാക്കണം. മത്സ്യവിൽപ്പന കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ആവശ്യമായ പരിശോധനകൾ നടത്തുകയും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുകയും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതമായ മത്സ്യവിൽപ്പന ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടൽ അനിവാര്യമാണ്.





