ആലപ്പുഴ : ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഓപ്പറേഷൻ തെളിമയുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ നിയമലംഘനങ്ങൾക്കെതിരെ നടപടി. 3,91,000 രൂപ പിഴ ചുമത്തുകയും വൻതോതിൽ എണ്ണക്കടികൾ വിതരണം ചെയ്യുന്ന 12 സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തു. നിയമലംഘനങ്ങൾ കണ്ടെത്തിയ 8 സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു.
ആലപ്പുഴ, മാവേലിക്കര, കായംകുളം, ഹരിപ്പാട് മേഖലകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്താനും നടപടി സ്വീകരിച്ചു. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പരിശോധനയ്ക്കിടെ കണ്ടെത്തിയ വൃത്തിഹീനമായ സാഹചര്യങ്ങളിൽ സൂക്ഷിച്ച 500 സമൂസകളും, 10 കിലോഗ്രാം തയ്യാറാക്കിയ ചിക്കനും, 40 കിലോഗ്രാം സമൂസ മസാലയും നശിപ്പിച്ചു.
പൊതുജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാനും ജില്ലയിൽ പരിശോധനകളും തുടർനടപടികളും ശക്തമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ ഡോ. എ രേഖ അറിയിച്ചു.





