ഓതറ : പുതുക്കുളങ്ങര വലിയ പടയണിയുടെ സമാപന പടയണി ചടങ്ങുകൾ തിരുവാതിര നാളായ നാളെ ( 18) നടക്കും. രാപകൽ നീളുന്ന ചടങ്ങുകൾക്ക് അവസാനം മഹാ ഭൈരവിക്കോലം എഴുന്നള്ളത്ത് 19ന് പുലർച്ചെ അഞ്ചിനാണ് നടക്കുന്നത്.ഇന്നലെ (16 ) രാത്രിയും കാലൻകോലം വഴിപാടുകൾ പുലരുവോളം നീണ്ടു.
പുതുക്കുളങ്ങര പടയണിയിൽ നുറ്റി അൻപതോളം കാലൻകോലം വഴിപാടുകളാണ് ഒരു പടയണിക്കാലത്ത് നടക്കുന്നത്. ഒരു ദിവസം ഇരുപതിനും മുപ്പതിനുമിടയിൽ കാലൻകോലങ്ങൾ വഴിപാടായി നടക്കുക. ആയുസ്സിനും ആരോഗ്യത്തിനുമുള്ള പ്രാർഥനയായാണ് വഴിപാട് നടത്തുന്നത്.
വെളുത്ത മുണ്ടിന് മുകളിൽ ചെമ്പട്ടുടുത്ത് വാളും പന്തവും കാലപാശ മെന്ന സങ്കല്പത്തിൽ കയറും ഏന്തിയാണ് കാലൻ കോലത്തിൻ്റെ വരവ്. പാട്ടിലൂടെ ശിവഭഗവാനെ സ്തുതിക്കുമ്പോൾ കാലൻ കോലം കാലാരിയായ ശിവനായി പകർന്നാട്ടം നടത്തുകയാണ്. കാലനില്ലാത്ത കാലമുണ്ടായ മാർക്കണ്ഡേയ ചരിതവും അജാമിളമോക്ഷവും ശിവ സ്തോത്രവും പാട്ടുകളിലൂടെ വർണിക്കുമ്പോൾ പടയണിക്കളത്തിൽ ചുവടുകളിൽ ചടുലമായ പ്രകടനമാണ് കാലൻകോലം നടത്തുന്നത്.
കാലൻ കോലത്തിൻ്റെ ചുവടുവയ്പിൽ മുഖ്യമായൊരു പങ്കു തുള്ളുന്നത് ഉരലിൽ കയറിനിന്നാണ്. ഇതിനായി പടയണിക്കളത്തിൽ കല്ലുകാണ്ടുള്ള പ്രത്യേകം ഉരൽ സ്ഥാപിച്ചിട്ടുണ്ട്.
കാലാരിയുടെ ശൂലമേറ്റ് കാലൻ ഭൂമിയിൽ പതിച്ചു എന്നുപ്പെടെയുള്ള കഥാഭാഗ ങ്ങൾക്ക് ഒടുവിൽ കാലൻ്റെ വാളും പന്തവും പിടിച്ചു വാങ്ങും. പിന്നീട് കേശാദി പാദ തെന്നും പാദാദികേശത്തെന്നും കാലപാശം തീർന്നൊഴിക… എന്ന് പാടി കാലൻ കോലം കളം ഒഴിയുന്നു.
മഹാ ഭൈരവിക്കോലത്തിൻ്റെ ചട്ടവും ചക്രങ്ങളും ക്ഷേത്രത്തിന് കിഴക്ക് ആദി പമ്പയുടെ കരയിൽ തയ്യാറാക്കി വരികയാണ്. ഇവിടെ നിന്ന് 19 ന് പുലർച്ചെ മഹാ ഭൈരവിക്കോലം ക്ഷേത്ര നടയിലെ പടയണിക്കളത്തിലേക്ക് എഴുന്നള്ളിക്കും.