പത്തനംതിട്ട: കോന്നി പ്രദേശത്ത് ഭീതി വിതച്ച് വീണ്ടും കാട്ടാനയിറങ്ങി. കോന്നി പഞ്ചായത്തിലെ ആ വണിപ്പാറയിൽ ഇന്ന് ഉച്ചയ്ക്ക് ബസ് കാത്തുനിന്ന യാത്രക്കാർക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണശ്രമമുണ്ടായത്. ഭയന്നോടിയ യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആളുകൾ ബസ് കാത്തുനിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി വനമേഖലയിൽ നിന്ന് റോഡിലേക്ക് കാട്ടാന ഇറങ്ങിവരികയായിരുന്നു.
ആന മുന്നോട്ട് പാഞ്ഞടുത്തതോടെ യാത്രക്കാർ സമീപത്തെ വീടുകളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ, ഇതുവഴി കടന്നുപോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന് നേരെയും കാട്ടാനയുടെ ആക്രമണശ്രമമുണ്ടായി. റോഡിന് കുറുകേ നിലയുറപ്പിച്ച ആന ബസ്സിന് നേരെ പാഞ്ഞടുത്തെങ്കിലും ഡ്രൈവർ സമയോചിതമായി വാഹനം പിന്നോട്ട് മാറ്റിയതിനാൽ വൻ അപകടം ഒഴിവായി.
തുടര്ന്ന് പ്രദേശവാസികളും വനപാലകരും ചേർന്ന് ഏറെ പട്രോളിംഗിനും ബഹളത്തിനുമൊടുവിലാണ് ആനയെ കാട്ടിലേക്ക് തിരികെ കയറ്റിയത്. അടുത്തിടെയായി ആവണിപ്പാറ, തട്ടക്കാട്, പതാലം മേഖലകളിൽ വന്യമൃഗശല്യം രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ജനവാസമേഖലയിലേക്ക് കാട്ടാനകൾ ഇറങ്ങുന്നത് പതിവായിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ശാശ്വതമായ പരിഹാരമുണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. എത്രയും വേഗം മേഖലയിൽ സോളാർ ഫെൻസിംഗ് ശക്തമാക്കണമെന്നും രാത്രികാല പട്രോളിംഗ് ഊർജ്ജിതമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.





