ആലപ്പുഴ : ആലപ്പുഴയില്‍ രണ്ടുവയസ്സുള്ള ആൺകുട്ടി പോഷകാഹാരക്കുറവുമുലം മരിച്ച സംഭവത്തിൽ കുട്ടിയുടെ സഹോദരങ്ങളായ 4 പെൺകുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുത്തു. കാർത്തികപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ് – താര ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രാഹുലാണ് മരിച്ചത് .30 വയസ്സുള്ള താരയുടെ ഏഴാമത്തെ പ്രസവത്തിനു പിന്നാലെയാണ് കുട്ടി മരിച്ചത്.
ഇന്നലെ രാവിലെ 6.30നാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. കുപ്പിപ്പാൽ തൊണ്ടയിൽക്കുടുങ്ങി മരിച്ചതായാണ് അച്ഛൻ പോലീസിനെ അറിയിച്ചത്. എന്നാൽ പോഷകാഹാരക്കുറവാണു മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.12 കിലോ തൂക്കം വേണ്ടിയിരുന്നിടത്ത് കുഞ്ഞിന് 7 കിലോ മാത്രമായിരുന്നു ഭാരമെന്നും കണ്ടെത്തി.മാതാപിതാക്കളുടെ പരിപാലനത്തിൽ വന്ന പിഴവാണ് കുഞ്ഞിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അനുമാനം.





